പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി സെപ്തംബർ 30 ന് മുന്‍പായി അടവാക്കി പിഴപലിശയില്‍ നിന്നും ഒഴിവാകാവുന്നതാണ്. വസ്തു നികുതി online ആയി ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയും അടവാക്കാവുന്നതാണ്
പെരുമാട്ടി ഗ്രാമപഞ്ചായത്തിന്‍റെ ചരിത്രം

പാലക്കാട് ജില്ലയില്‍ തമിഴ്നാടിനോടു ചേര്‍ന്നു കിടക്കുന്ന ഒരു കാര്‍ഷിക ഗ്രാമമാണ് പെരുമാട്ടി. പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റത്ത് 7 പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലമാണ് പെരുമാട്ടി എന്ന് 1085 കര്‍ക്കിടം 25-ാം തീയതി (1910) തയ്യാറാക്കിയ ലിത്തോമാപ്പില്‍ രേഖപ്പെടുത്തി കാണുന്നു. ഈ സ്ഥലം ഇന്ന് അണപ്പാടം എന്ന പേരിലാണ് അറിയപ്പെടുന്നത്. മുന്‍കാലങ്ങളില്‍ തമിഴ്നാട്ടിലേക്ക് കച്ചവടാവശ്യത്തിനായി ധാരാളം കാളവണ്ടികള്‍ ഈ പ്രദേശത്തിലൂടെയാണ് കടന്നുപോയിരുന്നത്. അവര്‍ വിശ്രമത്തിനായി തമ്പടിച്ച സ്ഥലം ഇന്ന് വണ്ടിത്താവളം എന്ന പേരിലറിയപ്പെടുന്നു. വിളയോടി, നമ്പൂരിചള്ള എന്നിവിടങ്ങളില്‍ പണ്ഡിതശ്രേഷ്ഠന്മാര്‍ താമസിച്ചിരുന്നതായും അവരുടെ ശിക്ഷണം നേടാനായി കാഞ്ചീപുരം, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പലരും വന്ന് താമസിച്ചിരുന്നതായും ചരിത്രരേഖകളില്‍ കാണുന്നു. ഒരു പക്ഷേ തുഞ്ചത്താചാര്യന്‍ തൊട്ടടുത്ത ശോകനാശിനി പുഴയുടെ തീരത്ത് ആശ്രമം സ്ഥാപിച്ച് താമസിച്ചതും ഇതുകൊണ്ടാവാം. വേമ്പ്ര എന്ന സ്ഥലത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള വേപ്പുമരവും അപസ്മാരകോവിലുമുണ്ട്. അപസ്മാരരോഗശമനത്തിനായി ജാതിമതഭേദമെന്യേ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇവിടെ വരുന്നു. പണ്ടു മുതലേ മതസൌഹാര്‍ദ്ദം നിലനിന്നിരുന്നതിന് ഉദാഹരണമാണ് വണ്ടിത്താവളം ,40അടി അവുലിയ, ചിന്നമീരാന്‍ പള്ളി എന്നിവിടങ്ങളുമായി ബന്ധപ്പെട്ടു നടത്തിയിരുന്ന ചന്ദനക്കുടം മഹോത്സവം. ഇതുപോലെ അയ്യപ്പന്‍കാവിലില്‍ നടത്തപ്പെടുന്ന അയ്യപ്പന്‍ വിളക്കു മഹോത്സവത്തിലും എല്ലാ മതവിഭാഗക്കാരും പങ്കു ചേരുന്നു. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട ചില പ്രാദേശികോത്സവങ്ങളും ഇവിടെ നടത്തിവരുന്നു. നന്ദിയോട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ “ശൂരസംഹാരം” എന്ന ഉത്സവം, രണ്ടാം വിളവെടുപ്പിന് ശേഷം “പൊങ്കല്‍” ഉത്സവങ്ങളും തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന മൂലത്തറ വില്ലേജില്‍ തമിഴ്നാട്ടിലെ പ്രധാന ഉത്സവമായ പട്ടിപൊങ്കലും നടത്തിവരുന്നു. ജന്മികുടിയാന്‍ വ്യവസ്ഥിതിയില്‍ കര്‍ഷകത്തൊഴിലാളി പ്രശന്ങ്ങളും ഉച്ചനീചത്വങ്ങളും കൊടുമ്പിരികൊണ്ടിരുന്ന ഒരു കൊച്ചു ഗ്രാമമായിരുന്നു പെരുമാട്ടി. മുന്‍കാലങ്ങളില്‍ പാട്ടനെല്ല് ജന്മിയുടെ വീട്ടില്‍ കൊണ്ടു ചെന്ന് ഉണക്കി അവരുടെ പാട്ടപറയിലളന്ന് പത്തായത്തില്‍ കൊട്ടിക്കൊടുക്കുന്ന വ്യവസ്ഥിതി നിലനിന്നിരുന്നു. തൊഴിലാളികള്‍ കൂലികൂടുതലിനും കുടിയിരുപ്പവകാശത്തിനും വേണ്ടി നിരന്തരം സമരം ചെയ്ത് രക്തസാക്ഷിത്വം വരിച്ച ചരിത്രവും ഈ മണ്ണിനുണ്ട്. പട്ടഞ്ചരി ഗ്രൂപ്പ് പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരുന്ന ഈ പ്രദേശം 1948 മെയ് 15ന് പെരുമാട്ടി പഞ്ചായത്തായി രൂപം കൊണ്ടു. കൃഷിഭൂമി കൃഷിക്കാരന് എന്ന ആശയം ഉയര്‍ന്നുവന്നതിനെ തുടര്‍ന്ന്, കൃഷിക്കാരും കര്‍ഷകത്താഴിലാളികളും ഒത്തുചേര്‍ന്ന് ജന്മിത്തത്തിനെതിരെ പോരാട്ടം നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി ജന്മിത്തം അവസാനിച്ചു. തുടര്‍ന്ന് അനേകം ചെറുതും വലുതുമായ സമരങ്ങളിലൂടെ തൊഴിലാളികളുടെ അവകാശം നേടിയെടുത്ത ചരിത്രം ഈ പഞ്ചായത്തിനുണ്ട്. മുന്‍കാലങ്ങളിലേതുപോലെ തന്നെ ഇന്നും രണ്ടാം വിളവടുപ്പിനു ശേഷം ജാതിമത വിവേചനമില്ലാതെ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പൊങ്കല്‍ എന്ന ഉത്സവം നടത്തി വരുന്നു. അതിനോടനുബന്ധിച്ച് നാടന്‍ കലാ രൂപങ്ങളായ പൊറാട്ടു നാടകവും, ആര്യമാല, രാജാ ഹരിശ്ചന്ദ്ര, സത്യവാന്‍ സാവിത്രി മുതലായ ചവിട്ടു നാടകങ്ങളും നടത്തി വരുന്നു. വിളയോടി, മീനാക്ഷിപുരം, അയ്യപ്പന്‍കാവ് എന്നിവിടങ്ങളിലായി പഞ്ചായത്തില്‍ 3 വായനാശാലകളാണുള്ളത്. ഇതില്‍ ഏറ്റവും പഴക്കം ചെന്നത് വിളയോടി ഗ്രാമീണ വായനശാലയാണ്.